കോഴിക്കോട്: കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെടുകയും തുടർന്ന് ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാക്കുകയും ചെയ്തതിനാൽ സഹായിക്കണം. ഇങ്ങനെ പറഞ്ഞാണ് കോഴിക്കോട് സ്വദേശിയെ തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടത്.
ഇതിനായി പല സാഹചര്യങ്ങളും സൃഷ്ടിച്ച് വ്യാജഫോട്ടോകളും ശബ്ദസന്ദേശങ്ങളും മറ്റു വിവരങ്ങളും അയച്ച് സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്തുകൊണ്ടായിരുന്നു പ്രതികൾ കുറ്റകൃത്യം ആരംഭിച്ചത്. പിന്നീട്, വാങ്ങിയെടുത്ത പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കുടുംബസ്വത്ത് വിൽപ്പന നടത്തി തിരികെ നൽകാമെന്നു തട്ടിപ്പുകാർ പറഞ്ഞു. എന്നാൽ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടാകുന്ന സാഹചര്യമുണ്ടായി എന്നും ഇതിന്റെപേരിൽ ആത്മഹത്യയും കൊലപാതകവും ഉൾപ്പെടെ നടന്നു എന്നും അറിയിച്ചു. തുടർന്ന് തന്റെ സഹോദരി പരാതിക്കാരന്റെ പേര് ആത്മഹത്യക്കുറിപ്പിൽ എഴുതി ജീവെനൊടുക്കി എന്നും മറ്റും പറഞ്ഞ് ആത്മഹത്യക്കുറിപ്പ് വ്യാജമായി ഉണ്ടാക്കി അയച്ചുനൽകി തെറ്റിദ്ധരിപ്പിച്ചു. കൊലക്കുറ്റത്തിന് കേസിൽ പ്രതിയാകുമെന്നും നാട്ടിൽ നിന്ന് ആളുകൾ വന്നു പരാതിക്കാരനെയും കുടുംബത്തെയും കൊല്ലുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ബന്ധപ്പെട്ട് പല ദിവസങ്ങളിലായി 4,08,80,457 രൂപയാണ് തട്ടിയെടുത്തത്.
പരാതിക്കരനെ ഫോൺ വഴിയും വാട്സാപ്പ് വഴിയും ബന്ധപ്പെട്ട മുഖ്യ പ്രതിയായ സുനിൽ ദംഗി രാജസ്ഥാനിലെ ചിറ്റോർഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിൻ എന്നിവിടങ്ങളിലെ വിവിധ ചൂതാട്ട കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ഒറ്റ നടത്തിയത്. വിവിധ ബാങ്ക് അക്കൌണ്ടുകൾ വഴിയും കൂട്ടുപ്രതിയായ ബഡി സാദരിയിലെ ശീതൾ കുമാർ മേഹ്ത്തയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചുമാണ് പണം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചൂതാട്ടകേന്ദ്രങ്ങളിലും ഗെയ്മിംഗ് സൈറ്റുകളിലും ചെലവഴിക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പ്രതികളിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തു. മുഖ്യ പ്രതിയായ സുനിൽ ദംഗിയെയും (48 വയസ്സ്) കൂട്ടുപ്രതിയായ ശീതൾ കുമാർ മേഹ്ത്തയെയും (28 വയസ്സ്) ബഡി സാദരിയിൽ വെച്ച് സാഹസികമായി കേരള പോലീസ് പിടികൂടുകയുമായിരുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ നാരായണൻ ടി. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുൺ കെ പവിത്രൻ എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു പോലീസ് നടപടി. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അങ്കിത് സിംഗിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് കെ ആർ, എ.എസ്.ഐ.മാരായ ജിതേഷ് കൊള്ളങ്ങോട്ട്, രാജേഷ് ചാലിക്കര, സീനിയർ സിവിൽ പോലീസ് ഓഫീർമാരായ നൌഫൽ കെ എം, ഫെബിൻ കെ ആർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
Cyber Wing of Kozhikode City Police went to Rajasthan and picked up those who stole 4 crores.